ശ്രീ . കെ.പി . ഗോപാലൻ വെങ്ങര
( ജനനം – 1949 )
ഭാര്യ – രോഹിണി. കെ
മക്കൾ – രോശ്നി, രസന
വെങ്ങരയുടെ കൗതുകങ്ങൾ ഈ അധ്യായത്തിൽ ആദരപൂർവ്വം ചേർത്ത് വെയ്ക്കുന്നു ശ്രീ . കെ. പി ഗോപാലൻ വെങ്ങര . 1949 – ൽ വെങ്ങരയിലെ ശ്രീ . ടി.വി കുഞ്ഞപ്പയുടെയും ശ്രീമതി. കെ.പി.മാധവിയുടെയും മകനായി ജനനം. മികച്ച നാടക നടൻ , സംവിധായകൻ , രചയിതാവ് , അതിലുപരി മണ്ണിനെ അറിയുന്ന നല്ലൊരു കർഷകൻ..നാടിൻെറ സ്പന്ദനം അറിയുന്ന ‘വെങ്ങരയുടെ സ്വകാര്യ അഹങ്കാരം’ ഇതൊക്കെ ആണ് ശ്രീ . കെ . പി ഗോപാലൻ വെങ്ങര. 1983 മുതൽ പഞ്ചായത്ത് കോമൺ സർവ്വീസിൽ ഫുൾ ടെെം ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2004 – ൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ് വിരമിച്ചു.ഇത് അദ്ദേഹത്തിൻെറ ഔദ്യോഗിക ജീവിതത്തിൻെറ വശം….
1969 മുതൽ അദ്ദേഹം നാടക രംഗത്ത് പ്രവർത്തിക്കുന്നു. തുഞ്ചൻ കലോത്സവത്തിൽ ശ്രീ . ഇബ്രാഹിം വെങ്ങര രചനയും സംവിധാനവും നിർവ്വഹിച്ച് മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയ ചിത്രകലാ തീയേറ്റഴ്സിൻെറ ‘വാത്മീകം’ നാടകത്തിൽ വേഷമിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിൻെറ നാ ടകത്തിലേക്കുളള ആദ്യ രംഗപ്രവേശനം….വെങ്ങരയ്ക്ക് നാടകരംഗത്ത് മറ്റൊരു പ്രതിഭയെക്കൂടി കിട്ടിയ വർഷം. തുടർന്നങ്ങോട്ട് പ്രശസ്തിയുടെയും പുരസ്കാരങ്ങളുടെയും വർഷമായിരുന്നു അദ്ദേഹത്തിനത്….
ചിത്രകലാതിയേറ്റേഴ്സിൻെറ തന്നെ ‘ഉമിത്തീ’, ‘ഭൂതവനം’,’ ജിഹാദ്’, ‘ഗഹ്വരം’ തുടങ്ങി നിരവധി നാടകങ്ങളിൽ സുപ്രധാനവേഷങ്ങളിൽ തൻെറ കഥാപാത്രങ്ങളെ അവീസ്മരണീയമാക്കി നാടകരംഗത്ത് അദ്ദേഹം തൻെറതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1970-ൽ അപ്സര തീയേറ്റഴ്സിൻെറ ‘പഞ്ചതന്ത്രം’ മാടായി ജനതയുടെ ‘വിഷമവൃത്തം’, ‘പ്രേതലോകം, തുടങ്ങി നിരവധി നാടകങ്ങളിൽ തൻെറ അഭിനയചാതുര്യം കൊണ്ട് നാടക പ്രേമികളുടെ മനം കവർന്നു.
1972-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പി.കെ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ ഹ്യൂമനിസിററ് കലാവേദി അവതരിപ്പിച്ച ‘ശിബിരം'( രചന ; ശ്രീ . എൻ. പ്രഭാകരൻ , സംവിധാനം – ശ്രീ . ഇബ്രാഹിം വെങ്ങര ) നാടകത്തിലെ അഭിനയം അദ്ദേഹത്തിന് ഏറെ ജനശ്രദ്ധ നേടികൊടുത്തു.
1976 – മുതൽ അദ്ദേഹം നാടകം സംവിധാനരംഗത്ത് സജീവമായി.1978 -ൽ അരോളി ശാന്തിപ്രഭ നടന കലാസമിതി സംഘടിപ്പിച്ച അഖില കേരള നാടകമത്സരത്തിൽ നരീക്കാംവളളി ഭാവനയ്ക്ക് വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ‘ സർപ്പസത്രം ‘ എന്ന നാടകം മികച്ച സംവിധായകൻ പുരസ്കാരം നേടികൊടുത്തു.അന്നത്തെ വനംവകുപ്പ് മന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവിൽ നിന്നും സ്വീകരിച്ച ഉപഹാരം അദ്ദേഹത്തിൻെറ സംവിധാന മികവിനുളള അംഗീകാരം തന്നെ ആയിരുന്നു…
1980-ൽ എെക്യ കേരള കലാനിലയം സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ ‘ അഹം ബ്രഹ്മാസ്മി ‘എന്ന നാടകത്തിലൂടെ വീണ്ടും മികച്ച സംവിധായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മാങ്ങാട് കൃഷ്ണപിളള സ്മാരക കലാസമിതി ദേശാഭിമാനി ട്രോഫിയ്ക്ക് വേണ്ടി നടത്തിയ നാടക മത്സരത്തിൽ ‘തമസ്സോമ ജ്യോതിർഗമയ’ എന്ന നാടകം സംവിധാനം ചെയ്തതും അദ്ദേഹത്തിൻെറ നാടക ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.തലശ്ശേരി ശ്യാമ സംഘടിപ്പിച്ച നാടകമത്സരത്തിൽ നരീക്കാംവള്ളി ഭാവന അവതരിപ്പിച്ച ‘പാഠം ഒന്ന് ‘ എന്ന നാടകം അദ്ദേഹത്തെ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.
1985 -ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ എൻ.പ്രഭാകരന്റെ ‘പുലിജന്മം’ സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ നാടകപ്രവർത്തനങ്ങളിലെ വഴിത്തിരിവായി മാറി.ആ വർഷം സംഘടിപ്പിക്കപ്പെട്ട ജില്ലാ നാടക മത്സരത്തിൽ ശ്രീ . എൻ. പ്രഭാകരൻ രചനയും ശ്രീ . കെ. പി ഗോപാലൻ സംവിധാനവും നിർവ്വഹിച്ച് അരങ്ങിലെത്തിച്ച ‘ മരണക്കിണർ ‘ അദ്ദേഹത്തിന് ഒരേ സമയം മികച്ച നടനും സംവിധായകനുമുള്ള അവാർഡുകൾ നേടികൊടുത്തു.1994 – ൽ കാസർഗോഡ് നഗരസഭ സംഘടിപ്പിച്ച മലബാർ നാടകോത്സവത്തിൽ നാദം വെങ്ങര അവതരിപ്പിച്ച ‘പുലിജന്മം’ അദ്ദേഹത്തിന് മികച്ച സംവിധാന പുരസ്കാരം നേടി കൊടുത്തു.
1990,1995,2000, വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ‘മരവീടൻ’, ഉടമ്പടിക്കോലം’ , എന്നീ നാടകങ്ങളിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.1996ൽ തൃക്കരിപ്പൂർ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച നാടക മത്സരത്തിൽ വാണിഭം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.കണ്ണൂർ രംഗമുദ്രയുടെ സമുദ്രം (രചന-സംവിധാനം ടി.എസ്. രാജു), അധികാരികൾ (സംവിധാനം – ജോസ് ചിറമ്മൽ) എന്നീ സെമിപ്രൊഫഷണൽ നാടകങ്ങളിലെ മികച്ച കഥാപാത്രങ്ങളെ നിരവധി വേദികളിൽ അവതരിപ്പിക്കാനായത് അദ്ദേഹത്തിന് അവിസ്മരണീയമായ അനുഭവമാണ് .2010ൽ കേരള സംഗീത നാടക അക്കാദമി സംവിധായകനുള്ള പുരസ്കാരം നൽകി ആദരിച്ചു.
കുട്ടികളുടെ നാടകരംഗത്തും സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വെങ്ങര ഹിന്ദു എൽപി, പ്രിയദർശിനി യുപി സ്കൂളുകളിലെ വാർഷികങ്ങളോടനുബന്ധിച്ചും യുവജനോത്സവ മത്സരങ്ങൾക്കുമായി നിരവധി നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ലേഖനങ്ങൾ എഴുതാറുള്ള അദ്ദേഹം നാടകസദസ്സ്, സ്മൃതിയരങ്ങ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കണ്ണൂർ കാസർകോഡ് ജില്ലകളിലെ വിവിധ അമേച്വർ കലാസമിതികളുടെ നാടകസംരംഭങ്ങളുടെ ഭാഗമായിട്ടുള്ള ശ്രീ.കെ.പി.ഗോപാലൻ ആകാശവാണി ബി-ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്.
വെങ്ങരയിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ അരങ്ങേറിയ നാടകങ്ങൾ
* വിഷക്കാറ്റ്, ഒരു നാടകത്തിന്റെ ദയനീയ അന്ത്യം (മാടായിക്കാവ് പൂരോത്സവം)
*കാളിഗ്രാമം(വെങ്ങര ഹിന്ദു എൽപി സ്കൂൾ ശതവാർഷികം)
* അവസ്ഥാന്തരം/ പുലിജന്മം(നാദം വെങ്ങര)
*ഉദരംനിമിത്തം (തപസ്യ വെങ്ങര)
*സൂര്യോത്സവം, കുടുക്ക(എ.കെ.ജി ആർട്ട്സ് സെന്റർ)
*ചെമ്പകരാമൻ ( കലാഭവൻ വെങ്ങര)
*കൊസ്രാക്കൊള്ളി (രാജീവ് ഗാന്ധി വായനശാല)
*രാവുണ്ണി (ഇ.എം.എസ് സാംസ്കാരിക നിലയം)
* ചോമന്റെതുടി (കസ്തൂർബ വായനശാല രജതജൂബിലി)