Home Strategy പ്രതിഭകൾ ശ്രീ . പത്മൻ വെങ്ങര

ശ്രീ . പത്മൻ വെങ്ങര

ശ്രീ . പത്മൻ വെങ്ങര
(ജനനം – 1950 ആഗസ്ത് -19)
ഭാര്യ – രുഗ്മിണി
മക്കൾ – പ്രജിന, പ്രജിത്ത്

വെങ്ങരയുടെ കൗതുകങ്ങൾ സവിനയം ഈ താളിൽ ചേർത്ത് വെക്കുന്നു നാടകകലയെ ഒരു ഉപാസന പോലെ കൊണ്ടു നടക്കുന്ന വെങ്ങരയുടെ അനുഗ്രഹീത കലാകരൻ. ശ്രീ.പത്മൻ വെങ്ങര. 

നൃത്തം, നാടക സംവിധാനം, അഭിനയം, ദീപസംവിധാനം തുടങ്ങിയ  വിവിധ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു കൊണ്ട് നാനാദേശങ്ങളിലും വെങ്ങരയുടെ അഭിമാനമായി മാറിയ പ്രതിഭാധനൻ. 

കെ. കുഞ്ഞമ്പുവിൻെറയും പി.വി ചീയ്യയിയുടെയും മകനായി വെങ്ങരയിൽ ജനനം. 1969-ൽ  പ്രശസ്ത  നർത്തകൻ ശ്രീ. പി.കെ റാം, ശ്രീ. നടനം ശിവപാൽ , എന്നിവരുടെ നൃത്ത-നാടക ട്രൂപ്പിലൂടെ കലാരംഗത്തേയ്ക്ക് കടന്നു വന്ന അദ്ദേഹം വെങ്ങരയുടെ കലാപൈതൃകത്തിന് കിട്ടിയ മറ്റൊരു വരദാനമായിരുന്നു.

1976 ഒക്ടോബർ ആറിന്  പഴയങ്ങാടി ‘നാദം ആർട്സ്’ അവതരിപ്പിച്ച പ്രസിദ്ധനാടകകൃത്തായ സുരാസുവിൻെറ ‘വിശ്വരൂപം’ എന്ന നാടകത്തിൽ ബാലഗോപാലൻ എന്ന കഥാപാത്രത്തെ  അവിസ്മരണീയമാക്കിയതിലൂടെ അദ്ദേഹം സാമൂഹ്യനാടകരംഗത്ത് ശ്രദ്ധേയനായി മാറി. തുടർന്ന് 

സി.എച്ച് ഭാസ്ക്കരൻ നമ്പ്യാർ,ഹരിദാസ് ചെറുകുന്ന് തുടങ്ങിയ പ്രമുഖ സംവിധായകരുടെ നാടകങ്ങളുടെ ഭാഗമായി.  1978ൽ സി.എൽ ജോസിൻെറ ‘ദുഃഖസാമ്രാജ്യം’ എന്ന നാടകം സംവിധാനം ചെയ്ത് കൊണ്ടായിരുന്നു സംവിധാനരംഗത്തേക്കുള്ള അദ്ദേഹത്തിൻെറ ആദ്യ ചുവട് വെപ്പ്. 1979ൽ ചെറുകുന്ന് പുരോഗമന കലാസമിതി സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ കുഞ്ഞിമംഗലം വത്സൻെറ ‘സ്തോഭം’ എന്ന നാടകത്തിൻെറ അവതരണത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. തുടർന്ന് സംവിധാനം ചെയ്ത മുഹമ്മദ് പറശ്ശിനിക്കടവിൻെറ ‘വിഷജ്വരം’ എന്ന നാടകം കണ്ണൂർ – കാസർഗോഡ് ജില്ലകളിലെ വിവിധ മത്സരവേദികളിൽ നിന്നും  ഒട്ടനവധി സമ്മാനങ്ങൾ നേടുകയുണ്ടായി.

1981ൽ ധർമ്മൻ ഏഴോം, കെ.പി .ആർ പണിക്കർ എന്നിവർ സംഘടിപ്പിച്ച ‘ചരിത്രത്തിൻെറ ചോരതുളളികൾ’ എന്ന രാഷ്ട്രീയ-നൃത്ത നാടകത്തിന് ആദ്യമായി ദീപസംവിധാനവും ദീപനിയന്ത്രണവും ഒരുക്കിയത് പത്മൻ വെങ്ങര ആയിരുന്നു.

1984-ൽ നീലേശ്വരം ബി.എ.സി കലാസമിതിയുടെ ‘കർണ്ണൻ’ എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചതിന് അദ്ദേഹത്തെ സ്വർണ്ണമെഡൽ നൽകി ആദരിക്കുകയുണ്ടായി.

നാടകാചാര്യന്മാരായ ജി. ശങ്കരപ്പിളള , പി.കെ വേണുക്കുട്ടൻ നായർ , എസ്. രാമാനുജൻ തുടങ്ങിയ പ്രമുഖരുടെ നാടക ക്യാമ്പുകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

പ്രശസ്തരായ ശ്രീ . വാസുപ്രദീപ് , മാമുക്കോയ, കോഴിക്കോട് ശാന്താദേവി എന്നിവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് വെങ്ങരയുടെ ഈ പ്രതിഭയ്ക്ക്.1984ൽ പാലക്കാട് റീഡേർസ് ഫോറം സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ മോഹൻ വടയാറിൻെറ ‘കൃഷ്ണപക്ഷത്തിലെ രാപ്പാടി’ എന്ന നാടകത്തിന് അവതരണത്തിനും സംവിധാനത്തിനും അടക്കം അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.1985-ൽ തൃശ്ശൂർ കഴിമ്പ്രം തീയേറ്റേഴ്സിൻെറ ‘മുത്താരു നാല്’, ‘അംബറ’ എന്നീ നാടകങ്ങൾക്ക് ദീപ സംവിധാനം ഒരുക്കിയത് അദ്ദേഹമാണ്. തളിപ്പറമ്പ് മാസ്സ് ആർട്സ് സൊസൈറ്റി  1987 ൽ തായാട്ട് ശങ്കരൻ സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൽ നീലേശ്വരം പട്ടേന ജനശക്തി സംസ്കാരവേദി അവതരിപ്പിച്ച സെയ്തലവി പയ്യനടത്തിൻെറ ‘രാമൻദൈവം’ എന്ന നാടകത്തിന് അവതരണത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.1988 മുതൽ 1990 വരെ ഏഴിലോട് സംഘചേതന  എന്ന പ്രൊഫഷണൽ നാടക സംഘത്തിന് വേണ്ടി രാജൻ കിഴക്കനേലയുടെ  ‘ഉപനയനം’ പയ്യന്നൂർ ബാലകൃഷ്ണൻെറ ‘ലോകനാർകാവ്’, സ്വാമി ബ്രഹ്മവ്രതൻെറ ‘പാൽപ്പായസ്സം’എന്ന നാടകത്തിൻെറ പുനരാവിഷ്കാരം ‘ബ്രഹ്മഹത്യ’ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 

1989-ൽ തായാട്ട് ശങ്കരൻ സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിൽ പി.വി.കെ പനയാലിൻെറ ‘ദുഃസ്വപ്നങ്ങളുടെ രാത്രി’ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല അവതരണത്തിനും,സംവിധാനത്തിനും, ദീപ സംവിധാനത്തിനും അദ്ദേഹം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതേ നാടകം സംഗീത നാടക അക്കാദമി അമേച്വർ നാടകമത്സരത്തിൽ കാസർഗോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.  .ചന്തേര എക്കോസ് സംഘടിപ്പിച്ച നാടക മത്സരത്തിൽ വോയ്സ് ഓഫ് ചന്തേരയുടെ ‘അണിമണി പുഴയോരത്ത്’ എന്ന നാടകം  മികച്ച നാടകം, മികച്ച സംവിധാനം എന്നീ സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.

നാടകത്തോടുള്ള തന്റെ  അടങ്ങാത്ത അഭിനിവേശം കാരണം അദ്ദേഹം 1991 ൽ സ്വന്തമായി ‘പയ്യന്നൂർ രംഗകല’ എന്ന പ്രൊഫഷണൽ നാടക സംഘം രൂപീകരിച്ചു. ബാലൻ അന്നൂരിൻെറ ‘തച്ചോളിക്കഥയിലെ ചാപ്പൻ’. ആർ.സി കരിപ്പത്തിൻെറ ‘ദൈവപ്പുര’, സംഘവാദ്യം, അങ്കത്താലി, പടപ്പുറപ്പാട്, എന്നീ നാടകങ്ങൾ പയ്യന്നൂർ രംഗകലയുടെ ബാനറിൽ നൂറ് കണക്കിന് നിറഞ്ഞ വേദികളിൽ രംഗവത്കരിക്കപ്പെട്ടു.

‘തച്ചോളിക്കഥയിലെ ചാപ്പൻ’ എന്ന നാടകത്തിന്റെ രംഗാവിഷ്കാരത്തിന് മംഗലാപുരം മലയാളി സമാജം അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചിരുന്നു. 

കുട്ടികളുടെ നാടകങ്ങൾ  ഒരുക്കുന്നതിലും അദ്ദേഹം സജീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വെങ്ങര പ്രിയദർശിനി. യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വർഷങ്ങളോളം നാടകങ്ങൾ പരിശീലിപ്പിക്കുകയും സമ്മാനങ്ങൾ നേടി കൊടുക്കുകയും ചെയ്തു  വെങ്ങരയുടെ ഈ നാടകഗുരു. സി.വി.കെ അടുത്തിലയുടെ ‘അനിൽ കുമാർ ഒരു കഴുത’ , കെ.എം രാഘവൻ നമ്പ്യാരുടെ ‘പട്ടണത്തിലെ പുലി’ തുടങ്ങി ഒട്ടേറെ കുട്ടികളുടെ നാടകങ്ങളുടെ സംവിധാനം നിർവ്വഹിയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

1980 മുതൽ 2000 വരെയുളള വർങ്ങളിൽ ഓരോ വർഷവും മുപ്പതിലധികം കലാസമിതികളുടെ നാടകങ്ങൾ അരങ്ങിലെത്തിച്ചിട്ടുള്ള ഈ നാടകപ്രതിഭ വർഷത്തിൽ നാലോ അഞ്ചോ നാടകങ്ങളിലൂടെ ഇന്നും തന്റെ കർമ്മപഥത്തിൽ സജീവമാണ്.

ചുരുങ്ങിയ ഇടവേളക്ക് ശേഷം പയ്യന്നൂർ രംഗകലയിലൂടെ ‘കോലത്ത് നാട്’, ‘നാട്ടുകാവൽ’ എന്നീ നാടകങ്ങൾ നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. 

നാടകരംഗത്തെ  അർപ്പണമനോഭാവവും സമഗ്ര സംഭാവനയും കണക്കിലെടുത്ത് കേരള സംഗീത നാടക അക്കാദമി ‘ഗുരുപൂജ’ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

‘സഹജം’ എന്ന ടെലിഫിലിമിൽ കൂടിയും അദ്ദേഹം തന്റെ  അഭിനയ വൈഭവം തെളിയിച്ചിട്ടുണ്ട്. 

സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മകൾ പ്രജിനയും പുല്ലാംകുഴൽ കലാകാരനായ മകൻ പ്രജിത്തും പത്മൻ വെങ്ങരയുടെ പാരമ്പര്യം കാത്ത് സൂക്ഷിയ്ക്കുന്നു. നാടകത്തിന് വേണ്ടി  സമർപ്പിക്കപ്പെട്ട ശീ. പത്മൻ വെങ്ങരയുടെ  കലാജീവിതത്തിന് എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് …… സസ്നേഹം 

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ശ്രീ . പത്മൻ വെങ്ങര

ശ്രീ . പത്മൻ വെങ്ങര(ജനനം - 1950 ആഗസ്ത് -19)ഭാര്യ - രുഗ്മിണിമക്കൾ - പ്രജിന, പ്രജിത്ത് വെങ്ങരയുടെ കൗതുകങ്ങൾ സവിനയം ഈ താളിൽ ചേർത്ത്...

നാട്ടു പൊലിമയുടെ കതിരണിക്കാഴ്ചകൾ ….

ോയ്സ് ഓഫ് വെങ്ങരകക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ ഭേദമന്യേ വെങ്ങരക്കാർക്ക് ഒത്തുചേരുവാൻ 2014ൽ രൂപം കൊണ്ട നാടിന്റെ പൊതു ശബ്ദമാണ് ഈ സമൂഹ മാധ്യമ കൂട്ടായ്മ. വെങ്ങരയുടെ കലാ കായിക സാമൂഹ്യ...

ഡോഃ സി. പത്മനാഭൻ

ഡോഃ സി. പത്മനാഭൻ(ജനനം- 20-11-1957, മരണം –12-02-2021)ഭാര്യ - പ്രീത. എംമക്കൾ - ശ്രീഹരി, ശ്രീലയ 'വെങ്ങരയുടെ കൗതുകങ്ങൾ' സവിനയം    ഈ അധ്യായത്തിൽ ചേർത്ത്...