ഡോഃ സി. പത്മനാഭൻ
(ജനനം- 20-11-1957, മരണം –12-02-2021)
ഭാര്യ – പ്രീത. എം
മക്കൾ – ശ്രീഹരി, ശ്രീലയ
‘വെങ്ങരയുടെ കൗതുകങ്ങൾ’ സവിനയം ഈ അധ്യായത്തിൽ ചേർത്ത് വയ്ക്കുന്നു ആദരണീയനായ ‘വെങ്ങരയുടെ ജനകീയ ഡോക്ടർ’- ഡോ: സി. പത്മനാഭൻ. ഈ ഒരു വിശേഷണത്തിന് അദ്ദേഹത്തിനെ അർഹനാക്കുന്നത് ആതുരസേവന രംഗത്തെ ദീർഘകാലത്തെ നിസ്തുലമായ പ്രവർത്തനമികവിലൂടെ നാട്ടുകാർക്കിടയിൽ അദ്ദേഹം നേടിയെടുത്ത സ്വീകാര്യതയാണ്. കണ്ണൂർ- കാസർഗോട് ജില്ലകളുടെ നാനാഭാഗങ്ങളിൽ നിന്നും പലവിധ രോഗപീഡകളാൽ വലഞ്ഞ് തന്നെ തേടിയെത്തുന്ന ജനങ്ങൾക്ക് സാന്ത്വനവും കാരുണ്യവും ശുശ്രൂഷയും പകർന്ന് നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിലൂടെ നാടിന്റെ യശസ്സുയർത്തിയ അനുഗ്രഹീതനായ ഭിഷഗ്വരൻ. ലളിതജീവിതം, സൗമ്യഭാവം, ശാന്തശീലം ഇവയാണ് ‘പപ്പൻ ഡോക്ടർ’ എന്ന് വെങ്ങരക്കാർ സ്നേഹപൂർവ്വം വിളിക്കുന്ന ഡോക്ടറുടെ വ്യക്തിത്വത്തിന്റെ മുഖ മുദ്രകൾ. വെങ്ങരയിലെ പി.പി.കുഞ്ഞിരാമൻെറയും ചെറിയാൽ ജാനകിയുടെയും മകനായി 1957- നവംമ്പർ 20 ന് ജനനം. വെങ്ങര ഹിന്ദു.എൽ.പി സ്കൂൾ , വെങ്ങര വെൽഫെയർ യു.പി. സ്കൂൾ,മാടായി ഹെെസ്ക്കൂൾ, എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം.തുടർന്ന് പയ്യന്നൂർ കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം ചോറ്റാനിക്കര ഡോ:പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ചേർന്ന് ബി.എച്ച്.എം.എസ് ബിരുദപഠനം പൂർത്തിയാക്കി.
അന്നത്തെ കാലഘട്ടത്തിൽ വളരെ അപൂർവ്വവും ഏറെ പ്രയാസകരവുമായിരുന്ന ആ ഒരു നേട്ടത്തിലൂടെ വെങ്ങരയ്ക്ക് ലഭിച്ചത് ആദ്യത്തെ ഹോമിയോപ്പതി ഡോക്ടറെയാണ്. വീട്ടിലും ക്ലിനിക്കിലും ആയി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം കൂടുതൽ സുതാര്യവും ജനകീയവും ആക്കിമാറ്റിയതിലൂടെ ധാരാളം ജനങ്ങൾ ആ ചികിത്സാരീതി തെരഞ്ഞെടുക്കുവാനും അതിൽ വിശ്വാസം അർപ്പിക്കുവാനും കാരണമായി.1992 ഏപ്രിൽ 16 ന് കേരള ഗവൺമെൻറ് സർവ്വീസിൽ ഡോക്ടർ ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ആശുപത്രിയിലും ഒഴിവ് സമയങ്ങളിൽ വീട്ടിലുമായി അനേകം രോഗികൾക്ക് രോഗവിമുക്തിയും ആശ്വാസവും പകർന്ന് നൽകി.ഇക്കാലയളവിൽ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും നാട്ടിലും സമീപദേശങ്ങളിലുമായി ജനങ്ങളുടെ വിശ്വാസവും സ്നേഹാദരങ്ങളും നേടിയെടുത്ത് അദ്ദേഹം 2013 നവംബർ അവസാനത്തോടെ ഗവൺമെൻറ് സർവ്വീസിൽ നിന്നും വിരമിച്ചു .
സർവ്വീസിൽ നിന്ന് വിരമിച്ചശേഷം മുഴുവൻ സമയവും ആതുരശുശ്രൂഷയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്ന അദ്ദേഹം അർപ്പണമനോഭാവ ത്തിന്റെയും ക്ഷമാശീലത്തിന്റെയും ഒരു പ്രതിരൂപമാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല. ദൂരദേശങ്ങളിൽ നിന്ന് പോലും അദ്ദേഹത്തിന്റെ കൈപുണ്യം തേടി വരുന്ന രോഗാതുരരുടെ ബാഹുല്യത്തിൽ ചിലപ്പോൾ പാതിരാത്രിവരെ നീണ്ടു പോകുന്നു ഡോക്ടറുടെ പ്രവർത്തനസമയം.സാമ്പത്തികപ്രയാസമുള്ള രോഗികൾക്ക് അദ്ദേഹം സൗജന്യമായി നൽകി വരുന്ന ചികിത്സയും മരുന്നും വളരെയേറെപ്പേർക്ക് സഹായകരമാണ്. കുട്ടികളെ ബാധിക്കുന്ന നിരവധി അസുഖങ്ങൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ, വിട്ടുമാറാത്ത അലർജികൾ തുടങ്ങിയ ഒട്ടുമിക്ക വിഷമതകളും ചികിത്സിച്ച് ഭേദമാക്കുന്നതിൽ അദ്ദേഹത്തിന് സവിശേഷമായ വൈദഗ്ദ്ധ്യം തന്നെയുണ്ട്. അദ്ദേഹത്തിൻെറ വിലമതിക്കാനാവാത്ത സേവനങ്ങൾക്കും സമർപ്പിത ജീവിതത്തിനുമുളള അംഗീകാരമെന്ന നിലയിൽ വെങ്ങരയിലെ ഒട്ടേറെ സാംസ്കാരിക സംഘടനകൾ അദ്ദേഹത്തിനെ ആദരിച്ചിട്ടുണ്ട്. നാടിന്റെ അഭിമാനവും നാട്ടുകാരുടെ പ്രിയങ്കരനുമായ ഡോ: സി.പത്മനാഭന്റെ നാമം എന്നെന്നേക്കുമായി വെങ്ങരയോട് ചേർത്ത് വെക്കപ്പെട്ടിരിക്കുന്നു. ആതുരസേവനമെന്ന കർമ്മപഥത്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു..